സ്കൈറൂട്ട് അദ്യ ഇന്ത്യൻ സ്പേസ് ടെക് യുണീകോൺ
- Sreekantan S

- May 8
- 1 min read

ബഹിരാകാശ ശാസ്ത്ര രംഗത്ത് നിന്ന് ആദ്യ ഇന്ത്യൻ യുണീകോൺ. ഹൈദ്രബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസിനാണ് ഈ നേട്ടം. 100 കോടി ഡോളറിലേറെ കമ്പോള മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളെയാണ് യുണീകോൺ എന്നു വിളിക്കുന്നത്.
ഇലോൺ മസ്കിൻ്റ സ്പേസ് Xൻ്റ ഒരു ഇന്ത്യൻ കുട്ടി പതിപ്പാണ് സ്കൈറൂട്ട് എയ്റോസ്പേസ് എന്നു പറയാം. പ്രൈവറ്റ് സ്പേസ് ലോഞ്ച് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിന് 570 കോടിയുടെ നിക്ഷേപം കൂടി ലഭിച്ചിരിക്കുന്നു. സാങ്കേതിക മേഖലയിൽ പണം മുടക്കുന്ന പ്രമുഖ സംരംഭകനും ആൽഫബെറ്റിൻ്റെ ഡയറക്ടറുമായ റാം ശ്രീറാം, സിങ്കപ്പൂരിലെ മുൻനിര വെൽത്ത് ഫണ്ടായ ജിഐസി, ബ്ളാക്റോക്, ഗ്രീൻ കോ ഗ്രൂപ്പ്, ആർകെം വെഞ്ചേഴ്‌സ്, പ്ളേബുക് പാർട്‌ണേഴ്സ്, സാങ് വി കുടുംബം എന്നിവരെല്ലാം സ്കൈറൂട്ടിൽ പണം മുടക്കുന്നു. റാം ശ്രീറാം ഡയറക്ടർ ബോർഡിൽ വരുമെന്നറിയുന്നു.
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം - 1 ഭ്രമണ പഥത്തിൽ എത്തിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് സ്കൈ റൂട്ട് എയ്റോസ്പേസിന് ഈ യുണീകോൺ പദവി ലഭിക്കുന്നത്. ആത്മവിശ്വാസം വാനോളം ഉയർത്തുന്ന നിമിഷങ്ങളാണിതെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകൻ പവൻ കുമാർ ചന്ദന പറഞ്ഞു. വിവിധ സംരംഭകരിൽ നിന്നായി ഇതിനകം 1,500 കോടി സമാഹരിക്കാനായിയെന്നും അദ്ദേഹം പറഞ്ഞു.
ഖരഗ്പൂർ ഐഐടിയിൽ പഠിച്ച് ഐഎസ്ആർഒയിൽ ജോലി. 6 വർഷം തികയ്ക്കും മുമ്പ് ആ ജോലി വിട്ടു. മുപ്പത്തിയൊന്നാം വയസ്സിൽ സ്വന്തം റോക്കറ്റ് കമ്പനി. ഇലോൺ മസ്കിന് ആകാമെങ്കിൽ തനിക്ക് എന്തുകൊണ്ട് ആയിക്കൂട? പ്രതിമാസം ഒന്നോ, രണ്ടോ വിക്ഷേപണങ്ങൾ ധാരാളം മതിയാവും കമ്പനി ലാഭത്തിലെത്താൻ. ആ കണക്കുകൂട്ടലിലാണ് പവൻ. സ്കൈ റൂട്ട് ഇന്ത്യൻ സ്പേസ് X ആവുമെന്ന് പവൻ കുമാറിൻ്റെ ആത്മവിശ്വാസവും അഭിനിവേശവും നമ്മളോട് വിളിച്ച് പറയുന്നതു പോലെ.




Comments