വേദാന്ത അഞ്ചായി വിഭജിക്കുന്നു
- Sreekantan S

- Mar 29
- 1 min read

അനിൽ അഗർവാൾ ചെയർമാനായ വമ്പൻ കമ്പനി വേദാന്ത ഏപ്രിലിൽ അഞ്ച് ലിസ്റ്റഡ് കമ്പനികളായി വിഭജിക്കുന്നു. നിലവിൽ 27 ബില്യൺ ഡോളർ കമ്പോള മൂല്യമുള്ള കമ്പനിയാണ് വേദാന്ത. വിഭജനത്തോടെ മൂല്യത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാമെന്ന് അനിൽ അഗർവാൾ പറയുന്നു.
അടിസ്ഥാന ലോഹ വ്യവസായം വേദാന്ത ലിമിറ്റഡ് തുടർന്നും നിർവഹിക്കും. പുറമെ, നാലു കമ്പനികൾ കൂടി വരും. വേദാന്ത അലുമിനിയം, തൽവണ്ടി സബോ പവർ, വേദാന്ത സ്റ്റീൽ ആൻ്റ് അയൺ, മാൽകോ എനർജി എന്നീ നാല് ലിസ്റ്റഡ് കമ്പനികൾ കൂടി വരാൻ പോകുന്നു.
അനിൽ അഗർവാളിൻ്റെ നിയന്ത്രണത്തിലുള്ള മാതൃ കമ്പനിക്കാവും എല്ലാ ലിസ്റ്റഡ് കമ്പനികളിലും 50% ഓഹരികൾ. വേദാന്തയുടെ കടബാദ്ധ്യതകളിൽ ഉടക്കി നിൽക്കുകയായിരുന്നു പുന:സംഘടനാ പദ്ധതികൾ. 2023ൽ തന്നെ മാനേജ്മെൻറ് ഇത് മുന്നോട്ടുവെച്ചിരുന്നു. സർക്കാർ അനുമതിയില്ലാത്തതു കൊണ്ട് നീണ്ടു പോവുകയായിരുന്നു.
കമ്പനി വിഭജനത്തോടെ അഞ്ച് കമ്പനികൾക്കും കൂടി 7 ബില്യൺ ഡോളർ കടമേ വരൂ. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ സ്വതന്ത്ര തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ സാധിക്കുമെന്നും അതു വഴി കൂടുതൽ വളർച്ച ഉറപ്പാക്കാനാവുമെന്നും അനിൽ അഗർവാൾ പറയുന്നു.
ലോഹങ്ങൾ, ധാതുക്കൾ, ഓയിൽ ആൻറ് ഗ്യാസ്, പവർ ആൻ്റ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ വ്യാപരിക്കുന്ന വേദാന്ത കടത്തിൽ നിന്ന് കരകയറാൻ തേടുന്ന വഴികളിൽ ഉറ്റുനോക്കുകയാണ് ഓഹരി കമ്പോളം.




Comments