യുദ്ധത്തിൽ അമേരിക്കയുടെ ലക്ഷ്യം ഇന്ത്യയോ?
- Sreekantan S

- Mar 6
- 2 min read

ലോക ശക്തിയായി ഇന്ത്യ വളരുന്നത് തടയിടാനോ അമേരിക്ക ഈ യുദ്ധങ്ങൾ നടത്തുന്നത്? ഇറാൻ പരമോന്നത നേതാവിൻ്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം പങ്കുവെച്ച ചിന്തകൾ മൗഢ്യമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. കൗടില്യ ചിന്തകൾ വേണ്ട വിധം പ്രയോഗിക്കാനറിയാവുന്ന മോദി ഈ ആഗോള പ്രതിസന്ധിയെ ഫലപ്രദമായി മറികടക്കുമെന്ന് ഉറപ്പിക്കാം.
ഇറാനെ ആക്രമിച്ചാൽ ഇറാൻ പശ്ചിമേഷ്യൻ മേഖലയാകെ യുദ്ധം വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാഞ്ഞിട്ടല്ല. ചുമ്മാതാണോ ചെല്ലും ചെലവും കൊടുത്ത്
ലോകമാകമാനം സിഐഎ യെ അവർ വിന്യസിച്ചിരിക്കുന്നത്. ഇറാൻ ആക്രമണം ഗൾഫിലേക്ക് വ്യാപിച്ചാൽ ക്ഷീണിക്കാൻ പോകുന്നതാര്? സാമ്പത്തിക വളർച്ചയിൽ അതിവേഗം മുന്നേറുന്ന ഇന്ത്യ. അവർ ഒന്നു ക്ഷീണിക്കട്ടെ. ചൈന, റഷ്യ, ഇന്ത്യ അച്ചുതണ്ട് അമേരിക്കൻ അധീശത്വത്തിന് ഭീഷണിയാണെന്ന് ഡീപ് സ്റ്റേറ്റിന് നന്നേ ബോദ്ധ്യമുണ്ട്. അതു കൊണ്ട് തന്നെ യുദ്ധങ്ങൾ നടക്കട്ടെ. രണ്ടുണ്ട് നേട്ടം. എതിരാളികൾ ക്ഷീണിക്കും, ഒപ്പം നമ്മുടെ ആയുധ കച്ചവടം കൊഴുക്കും. പെൻറഗൺ കേന്ദ്രീകൃത അമേരിക്കൻ കച്ചവട ബുദ്ധി.
ലോക കാര്യങ്ങൾ തീരുമാനിക്കുന്ന തലത്തിലേക്ക് ഇന്ത്യ വളരുന്നുവെന്നത് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ല. തീരുവ പ്രശ്നത്തിൽ ഇന്ത്യയും ചൈനയും റഷ്യയും അടുത്തിടെ കൂടുതൽ അടുത്തത് അമേരിക്കയ്ക്ക് ഒട്ടും ദഹിച്ചിട്ടില്ല. അമേരിക്കൻ ഇംഗിതത്തിന് വഴങ്ങാത്ത മോദി ലോകത്ത് അപ്രമാദിയായി വളരുന്നോ? ഇന്ത്യയെ ക്ഷീണിപ്പിക്കാൻ വന്ന ഒരു അവസരം. ഇറാനിലെങ്കിൽ ഇറാനിൽ . നടക്കട്ടെയെന്ന് അമേരിക്ക ആഗ്രഹിച്ചിരിക്കാം.
അബ്ദുൾ മജീദ് ഹക്കിം പറഞ്ഞതിൻ്റെ യുക്തി പരിശോധിച്ചാലോ? ക്രൂഡോയിൽ ബാരലിന് 10 ഡോളർ കൂടിയാൽ ഇന്ത്യയുടെ ജിഡിപി വളർച്ച 0.5 % കുറയും. ഈ വർഷം 7.6% ജിഡിപി വളർച്ച ഇന്ത്യ നേടരുതെന്ന് ഡീപ് സ്റ്റേറ്റ് ആഗ്രഹിക്കുന്നു. ഇസ്രയേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് 15 ഡോളർ വരെ ക്രൂഡിന് വില കൂടിക്കഴിഞ്ഞു.
കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ ഇറാൻ ഹോർമൂസ് അടയ്ക്കും. അടച്ചു കഴിഞ്ഞു. അതും ഇന്ത്യയ്ക്ക് പ്രശ്നമാവും. വേണ്ട ക്രൂഡിൻ്റ 50%വും മിഡിൽ ഈസ്റ്റിൽ നിന്ന് കൊണ്ടുവരുന്ന ഇന്ത്യക്ക് ഹോർമൂസ് അടഞ്ഞാൽ ? മിഡിൽ ഈസ്റ്റിൽ ശുദ്ധീകരണശാലകൾ സ്ഥാപിച്ച് വളർച്ചാ സ്വപ്നങ്ങൾ നെയ്യുന്ന ഇന്ത്യൻ കമ്പനികൾ മുരടിച്ച് മന്ദഗതിയിലാവും. ചരക്കുകൂലി കൂടും. ഇൻഷൂറൻസ് റിസ്ക് പ്രീമിയം കൂടും. എൽഎൻജി, എൽപിജി നീക്കം നിലയ്ക്കും.സർവത്ര വിലക്കയറ്റം .ഗൾഫിൽ പണിയെടുക്കുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണം കുറയും. ഇന്ത്യയുടെ വളർച്ച കുറയാൻ ഇതൊക്കെ പോരെ ധാരാളം. കച്ചവടക്കണ്ണോടെ ലോക പൊലീസാവുന്ന അമേരിക്ക അങ്ങനെയൊക്കെ ചിന്തിച്ചിട്ടില്ലെന്ന് ആരു കണ്ടു?
അമേരിക്ക ഇതൊക്കെ സ്വപ്നം കാണുകയാണ്. മോദി റഷ്യയിൽ നിന്ന് എണ്ണ കൊണ്ടുവരാൻ പോകുന്നു. അതിനുള്ള നീക്കങ്ങൾ എപ്പോഴെ തുടങ്ങി. ഇറാനോട് ഇന്ത്യക്ക് ഒരു ചതുർത്ഥിയുമില്ല. ഗൾഫ് രാജ്യങ്ങളോടൊ ഒന്നാകെ ഊഷ്മള ബന്ധം. എന്തിലും ഏതിലും Nation First . ആ ചിന്ത സിരകളിൽ ഒഴുകുന്ന നരേന്ദ്ര നിവിടുള്ളപ്പോൾ നമ്മൾ എന്തിന് ഭയക്കണം. എല്ലാറ്റിനും ഒരു വഴികാണും.




Comments