top of page

ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാ‌നമന്ത്രി ചത്തേനെയെന്ന് ട്രംപ്


ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടതിന് ലോക പൊലീസിൻ്റെ പരോക്ഷ സാക്ഷ്യമായി . കിരാന ഹിൽസ് എന്നു പറഞ്ഞില്ലെന്നേയുള്ളു; പാകിസ്താൻ്റെ ആണവ നിലവറകളുടെ തിരുമുറ്റം വരെ നമ്മൾ കടന്നു കയറിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഉറപ്പിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ സംശയം തീർന്നോ?.രാഷ്ട്രത്തോടുള്ള അഭിസംബോധനയായ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രസിലാണ് ട്രംപിൻ്റ ഈ സാക്ഷ്യപ്പെടുത്തൽ.  


താൻ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ കാര്യം കട്ടപ്പൊക യായിരുന്നേനെ എന്നാണ് ട്രംപ് പറയുന്നത്.ഇന്ത്യ - പാകിസ്താൻ സംഘർഷം തീർക്കാൻ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ആണവ യുദ്ധത്തിലേക്ക്  തന്നെ അത് പോകുമായിരുന്നുവെന്നും മൂന്നരക്കോടി ജനം മരിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. തീർന്നില്ല പാക് പ്രധാനമന്ത്രി തന്നെ ചത്തേനെ. 


ഭരണത്തിലെ 10 മാസത്തിനുള്ളിൽ എട്ടു യുദ്ധങ്ങൾ മൂപ്പര് ഇടപെട്ട് തീർത്തുവത്രെ. തീവ്രവാദത്തിൻ്റെ ഒന്നാം നമ്പർ സ്പോൺസർ ഇറാനാണ്. പ്രക്ഷോഭങ്ങൾ തുടങ്ങിയ ശേഷം ഇറാനിൽ മരിച്ചു വീണത് 32,000 പേരാണ്. ആണവായുധ നിർമ്മിതിക്ക് ഇറാനെ എന്തു വിധേനയായാലും അനുവദിക്കില്ല. താൻ വിചാരിക്കുന്ന പോലെ ലോകത്തിൻ്റെ കടിഞ്ഞാൺ തൻ്റെ പക്കലില്ലെന്ന് ട്രംപിനറിയാഞ്ഞിട്ടല്ല. അധികാരം ഉറപ്പിച്ചു നിർത്താൻ അമേരിക്കൻ ജനതയെ വിശ്വാസത്തിൽ എടുത്തല്ലേ പറ്റൂ. അതിനായി പണ്ടത്തെ പോലെ ഇല്ലാത്ത ശക്തി ഘോഷിക്കുന്നു, വിളംബരം ചെയ്യുന്നു. അത്ര തന്നെ.


ട്രംപ് കാരണം പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫ് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ്. അമേരിക്കയുടെ ഏറാൻമൂളികളായി നിന്ന് ലോകത്തിന് മുന്നിൽ അവർ അനുദിനം നാണം കെട്ടുകൊണ്ടിരിക്കുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page