നിർണ്ണായകം, RIL ഫലം നാളെ
- Sreekantan S

- Apr 23
- 1 min read

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാം പാദ പ്രവർത്തന ഫലം നാളെ അറിയാം. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം Q4 ഫലം പുറത്തു വിടും. ലാഭ വിഹിതം എത്രയെന്നും നാളെ അറിയാം.
സാഹചര്യങ്ങൾ വെച്ച് ഓയിൽ ടു കെമിക്കൽസ് (O2C) ബിസിനസ് നിരാശപ്പെടുത്താനാണ് സാദ്ധ്യത. റീട്ടെയിലിലും വളർച്ചാ മാന്ദ്യത്തിന് ഇടയുണ്ട്. ടെലികോം ബിസിനസ്സിലെ മികവു കൊണ്ട് എല്ലാ ക്ഷീണവും മാറ്റാൻ കഴിയുമോ? ഈ വിലപ്പെട്ട ചോദ്യത്തിനാണ് ഉത്തരം തേടുന്നത്.
മൊത്ത വരുമാനം 9% കൂടി 2,88,746 കോടിയാവുമെന്ന വിലയിരുത്തലുണ്ട്. Q3 യിൽ ഇത് 2,64,905 കോടിയായിരുന്നു. നാലാം പാദ ലാഭം പ്രതീക്ഷിക്കുന്നത്
19,390 കോടിയാണ്. മുൻ പാദം നേടിയത് 18,645 കോടിയായിരുന്നു. പ്രതീക്ഷിക്കുന്ന വർധന 4%. EBITDA മാർജിൻ ഫ്ളാറ്റാവാം. ഓയിൽ ടു കെമിക്കൽസിലെ സമ്മർദം തന്നെ കാരണം.
അമേരിക്കൻ - ഇറാൻ സംഘർഷം ഓയിൽ ടു കെമിക്കൽസിലെ റിലയൻസിൻ്റെ സകല പ്രതീക്ഷകളും തെറ്റിച്ച ഘടകമായി പര്യവസാനിക്കാനിടയുണ്ട്. ചരക്കു കൂലി, ഇൻഷൂറൻസ് നിരക്ക് എല്ലാം കൂടി. ഹൊർമുസ് അടച്ചിട്ടതും കൂടിയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവാം.
റിലയൻസ് ജിയോ Q4 ൽ 7,371 കോടി ലാഭം നേടുമെന്നാണ് റിസേർച്ച് റിപ്പോർട്ടുകളിൽ പ്രതീക്ഷിക്കപ്പെടുന്നത്. തൊട്ടു മുൻ ത്രൈമാസത്തേക്കാൾ 2.8% വർധന. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഒരു ശതമാനം കൂടിയേക്കാം. 60 ലക്ഷം പുതിയ വരിക്കാർ എന്നത് നേടാനായോ? പ്രസക്തമായ ചോദ്യം.
ഒരു വർഷത്തെ ഉയർന്ന വിലയിൽ നിന്ന് ഏതാണ്ട് 16% താഴ്ന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത്. റിലയൻസ് ജിയോയുടെ ഐപിഒ വാല്യംവേഷൻ സംഭവിക്കുന്ന മുറയ്ക്കാവാം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ റീറേറ്റിങ് വരിക എന്നാണ് വിദഗ്ദ്ധ മതം. 1344.40 രൂപയിലാണ് ഫലം വരുന്നതിൻ്റ തലേന്നാൾ റിലയൻസ് ഓഹരി നിൽക്കുന്നത് .




Comments