ടിവി റേറ്റിങ് നയം മാറി, പുതിയ വിജ്ഞാപനമിറങ്ങി
- Sreekantan S

- Mar 28
- 1 min read

ടെലിവിഷൻ റേറ്റിങ് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ പുതിയ വിജ്ഞാപനമിറങ്ങി. റേറ്റിങ് ഏജൻസികളെ സ്വാധീനിച്ച് ഉയർന്ന വ്യൂവർഷിപ്പ് ഒപ്പിച്ചെടുക്കാനുള്ള ചാനലുകളുടെ ഹീന ശ്രമങ്ങൾക്ക് തടയിടാൻ പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി.
റേറ്റിങ്ങിന് ഇനി ലാൻറിങ് പേജ് വ്യൂവർഷിപ്പ് കണക്കിലെടുക്കില്ല. കേബിൾ വിതരണക്കാരെ കാശു നൽകി വശത്താക്കി ടിവി വെക്കുന്ന നിമിഷം സ്വന്തം ചാനൽ സ്ക്രീനിൽ തെളിയുന്ന വിധം പല ചാനലുകളും കൃത്രിമം കാട്ടി വന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അതിനാൽ ലാൻ്റിങ് പേജ് വ്യൂവർഷിപ്പ് സർക്കാർ എടുത്തു കളഞ്ഞു. സുതാര്യതയോടെ റേറ്റിങ് നിശ്ചയിക്കാൻ ഇത് സഹായകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിവി റേറ്റിങ്ങിന് കൂടുതൽ വീടുകളിൽ മീറ്ററുകൾ സ്ഥാപിക്കണം. വരുന്ന ഒന്നര വർഷത്തിനുള്ളിൽ 80,000 മീറ്ററുകൾ കൂടി സ്ഥാപിക്കണം. ഇതോടെ രാജ്യത്ത് മീറ്ററുകൾ സ്ഥാപിച്ച വീടുകൾ 1.2 ലക്ഷമായി ഉയരും. മീറ്ററുകൾ സ്ഥാപിക്കുന്ന വീടുകൾ വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുക്കുക. ഈ മീറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഡേറ്റ അപഗ്രഥിച്ചാവും റേറ്റിങ് നിശ്ചയിക്കുക .
വിവര ശേഖരണം ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചാവണം.
കേബിൾ, ഡിടിഎച്ച്, ഒടിടി, കണക്റ്റഡ് ടിവി തുടങ്ങിയ എല്ലാ പ്ളാറ്റ്ഫോമുകളിൽ നിന്നും ഡേറ്റ ശേഖരിക്കണം. ഏജൻസികൾ മൂന്നു മാസം കൂടുമ്പോൾ ഓഡിറ്റിങ് നടത്തണം. പുറമെ,വാർഷിക സ്വതന്ത്ര ഓഡിറ്റിങ്ങും നടത്തണം.
ടി വി റേറ്റിങ് ഏജൻസികളുടെ നെറ്റ് വർത്ത് നിലവിൽ 20 കോടിയായിരുന്നത് 5 കോടിയായി കുറച്ചിട്ടുണ്ട്.റേറ്റിങ് ഏജൻസികളുടെ ഡയറക്ടർമാരിൽ 50%വും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. ഇവർക്ക് ബ്രോഡ്കാസ്റ്റേഴ്സുമായോ പരസ്യ ഏജൻസികളുമായോ പരസ്യ ധാതാക്കളുമായോ യാതൊരു ബന്ധവും പാടില്ല. ടി വി റേറ്റിങ് ഏജൻസികൾ കൺസൾട്ടൻസി നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നിയമ ലംഘനങ്ങൾക്ക് താൽക്കാലിക സസ്പെൻഷൻ മുതൽ ലൈസൻസ് റദ്ദാക്കൽ വരെ ശിക്ഷ ലഭിക്കാം. നിലവിലുള്ള ഏജൻസികൾ പുതിയ നിബന്ധന പ്രകാരം നിശ്ചിത ഫീസടച്ച് രജിസ്ട്രേഷൻ എടുക്കണം.




Comments