top of page

ജയ്പീ അസോസിയേറ്റ്സ് അദാനിക്ക് സ്വന്തം


പാപ്പരായ ജയ്പ്രകാശ് അസോസിയേറ്റ്സ് ഇനി അദാനിക്ക് സ്വന്തം. ഏറ്റെടുക്കലിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റ അനുമതിയായി. 14,535 കോടിയാണ് അദാനി ഇതിനായി മുടക്കുന്നത്.


റിയൽ എസ്റ്റേറ്റ്, സിമൻ്റ്, ഹോട്ടൽ വിപുലമായിരുന്നു ജയ്പ്രകാശ് അസോസിയേറ്റ്സിൻ്റ പ്രവർത്തന മേഖലകൾ. ഒരു കാലത്തെ പ്രതാപികളായിരുന്നു. വേദാന്തയെയും ഡാൽമിയ ഭാരത് നെയും കടത്തിവെട്ടിയാണ് അദാനിയുടെ വിജയം.


കഴിഞ്ഞ നവംബറിൽ ക്രഡിറ്റേഴ്‌സ് കമ്മിറ്റി അദാനി സമർപ്പിച്ച ഏറ്റെടുക്കൽ പദ്ധതി അംഗീകരിച്ചിരുന്നു. 57,185 കോടിയുടെ കടം ജയ്പ്രകാശ് അസോസിയേറ്റ്സ് വരുത്തിവെച്ചിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങി പാപ്പരായി. ഒരു കാലത്ത് അതിവേഗം വളരുന്ന കമ്പനിയായിരുന്നു. കമ്പനിയുടെ ആസ്തി ഏറ്റെടുക്കുന്നതോടൊപ്പം കടം വീട്ടാനുള്ള പദ്ധതികളും അദാനി സമർപ്പിച്ച അൺ കണ്ടീഷണൽ ബിഡ്ഡിൽ വിശദമായി പ്രതിപാദിച്ചിരുന്നു.


രൊക്കം പണം കയ്യിലില്ലെങ്കിലും റിയൽ എസ്റ്റേറ്റ്, സിമൻറ്, ഹോട്ടൽ, പവർ, എഞ്ചിനീയറിങ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ നല്ല ആസ്തിയുണ്ട് ഇന്നും ജയ്പ്രകാശ് അസോസിയേറ്റ്സിന് . വികസന പദ്ധതികൾക്ക് കണ്ണും പൂട്ടി വൻ തോതിൽ കടമെടുത്തതാണ് അവർക്ക് വിനയായത്.


ഡൽഹിയുടെ പ്രാന്തപ്രദേശമായ ഗ്രേറ്റർ നൊയ്ഡയിൽ കോടികൾ വിലമതിക്കുന്ന ജെയ്പീ ഗ്രീൻസ് റിയൽ എസ്റ്റേറ്റ് പ്രോജക്ട്, ജെയ്പീ ഗ്രീൻസ് വിഷ് ടൗൺ, നിർദ്ദിഷ്ട ജെവാർ രാജ്യാന്തര വിമാനത്താവളത്തോടുരുമി ജെയ്പീ ഇൻ്റർനാഷണൽ സ്പോർട്സ് സിറ്റി എന്നിവ ഇന്നും ഇവർക്കുണ്ട് .


വ്യവസായ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയുക്തമാക്കാവുന്ന മൂന്ന് സ്ഥലങ്ങൾ ഡൽഹി എൻസിആറിലുണ്ട്. ഡൽഹിയിലും മുസൂറിയിലും ആഗ്രയിലുമായി അഞ്ചിടത്ത്  ജെയ്പീ ഹോട്ടൽ ഡിവിഷന് സ്വത്തു വകകളുണ്ട്. ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമായി നാല് സിമൻറ് പ്ളാൻറുകൾ . മദ്ധ്യപ്രദേശിൽ പാട്ടത്തിനെടുത്ത ചുണ്ണാമ്പ് ഖനികൾ.


ഉപകമ്പനികളുടെ നീണ്ട പട്ടിക ജയ് പ്രകാശിനുണ്ട്. ജയ്പ്രകാശ് പവർ വെഞ്ച്വഴ്സ്, യമുന എക്സ്പ്രസ് വേ ടോളിങ് ,ജെയ്പീ ഇൻഫ്രസ്ട്രക്ചർ ഡവലപ്മെൻ്റ് എന്നിവ ഇതിൽ ഏതാനും ചിലതു മാത്രം.


ഏറ്റെടുക്കൽ വാർത്ത വന്നതോടെ ജെയ്പീ പവറിൻ്റയും അദാനി എൻ്റർപ്രൈസസിൻ്റയും ഓഹരി വിലകളിൽ ഗണ്യമായ ഉയർച്ച കാണുന്നു. കടങ്ങൾ വീട്ടി സ്വത്തു വകകൾ വീണ്ടെടുത്ത് ജെയ്പീയെ കുടക്കീഴിലാക്കുമ്പോൾ അദാനി എൻറർപ്രൈസസിന് തിളക്കം കൂടുമോ? അതിനാണ് മാർക്കറ്റ് ഉത്തരം തേടുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page