ജോയ് ആലുക്കാസിൻ്റെ കൈവശം 16,000 കിലോ സ്വർണ്ണം !
- Sreekantan S

- Mar 5
- 1 min read

നമ്മുടെ ജോയ് ആലുക്കാസിൻ്റെ കൈവശം എത്ര സ്വർണ്ണം കാണും?16,000 കിലോ. ഞങ്ങൾ പറഞ്ഞതല്ലിത്. ലോക ധനകാര്യം സത്യമായി പറയുന്നതിൽ പുകൾപെറ്റ ബ്ളൂംബർഗ്. കോം അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ആവുമ്പോൾ ഒട്ടും സംശയിക്കേണ്ട, നിജ സ്ഥിതി തന്നെയാവും.
Joy Alukkas: Billionaire Sitting on 16,000 Kilos of gold says price will rise എന്ന തലക്കെട്ടിൽ ബ്ളൂംബർഗ്. കോം നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക് ഞങ്ങൾ കണ്ടത്. മൂപ്പരുടെ കൈവശം എന്നു പറയുമ്പോൾ സ്വകാര്യ ശേഖരമാണെന്ന് ധരിക്കേണ്ട. ലോകമാകമാനമുള്ള 178 ജോയ്ആലുക്കാസ് ഗ്രൂപ്പ് ജ്വല്ലറികളിലെ ഇൻവൻ്ററി കണക്കാണിത്. ഇന്ത്യ,യുഎ ഇ, അമേരിക്ക അടക്കം ഒരു ഡസൻ രാജ്യങ്ങളിൽ ജോയ് ആലുക്കാസ് സ്വർണ്ണം വിൽക്കുന്നു. അമേരിക്കയിൽ നിലവിൽ ഏഴിടത്ത്. ഇതൊരു കൊല്ലത്തിനകം 11ആക്കുമെന്ന് ജോയ് ആലുക്കാസ് ദുബായ് യിൽ നൽകിയ അഭിമുഖത്തിൽ പറയുന്നു. പിന്നെ, ന്യൂസിലൻ്റ്, കാനഡ . ഇന്ത്യൻ സമൂഹം എവിടെയൊക്കെയുണ്ടോ അവിടെ ഒക്കെ. മകൻ ജോൺ പോൾ ആലുക്കാസ് രാജ്യാന്തര ബിസിനസ് നോക്കി നടത്തുന്നു.രണ്ട് മരുമക്കൾക്ക് ഇന്ത്യയിലെ കാര്യങ്ങളുടെ ചുമതല.
സ്വർണ്ണ വില എങ്ങോട്ട്? വില മുകളിലോട്ട് തന്നെയാവും എന്നാണ് ജോയ് ആലുക്കാസ് പ്രതീക്ഷിക്കുന്നത്. വരുന്ന രണ്ട് മൂന്ന് വർഷത്തിനുള്ളിൽ അമേരിക്കൻ സമ്പദ് രംഗത്ത് കാര്യമായ മുന്നേറ്റം ഉണ്ടാവാതിരിക്കുകയും ജിയോ പൊളിറ്റിക്സ് ഇങ്ങനെ കലുഷിതമായി തുടരുകയും ചെയ്താൽ സ്വർണ്ണത്തിൽ കാര്യമായ തിരുത്തൽ പ്രതീക്ഷിക്കേണ്ടെന്ന വാദമാണ് അഭിമുഖത്തിൽ ജോയ് ആലുക്കാസ് ഉയർത്തുന്നത്. എപ്പോഴൊക്കെ ലോകത്ത് അനിശ്ചിതത്വമുണ്ടോ അപ്പോഴൊക്കെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ജനം സ്വർണ്ണത്തിലേക്ക് ചുവടു മാറും. അതാണ് ട്രെൻ്റ്. ഇടയ്ക്ക് കുറഞ്ഞെന്ന് വരാം. എന്നാൽ, മൊത്തത്തിൽ കയറ്റം തന്നെയായിരിക്കും - ഈ രംഗത്തെ ദശാബ്ദങ്ങളുടെ അനുഭവം വെച്ച് അദ്ദേഹം പറയുന്നു.
അമേരിക്കയിലെ പലിശ, ലോകത്തെ ഡോളർ മൂല്യം ,ആഗോള പണപ്പെരുപ്പം, സർവോപരി ജനത്തിൻ്റെ ആത്മവിശ്വാസം എല്ലാം സ്വർണ്ണ വിപണിക്ക് നിർണ്ണായകമാണ്. സ്വർണ്ണം പോലെ വെള്ളിക്കും ഇപ്പോൾ ഡിമാൻ്റുണ്ട്. 10 ഗ്രാം,50 ഗ്രാം വെള്ളിക്കട്ടി വാങ്ങി സൂക്ഷിക്കുന്നത് പുതിയ ട്രെൻ്റായിരിക്കുന്നു. ലൈറ്റ് വെയ്റ്റ് സ്വർണ്ണാഭരണങ്ങൾ നല്ല തോതിൽ വിറ്റുപോകുന്നു. വില കൂടിയതാവാം ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പതിനാറാം വയസ്സിൽ അപ്പൻ്റെ ബിസിനസ്സിൽ സഹായിയായി കൂടിയതാണ്. 80 കളുടെ ഒടുവിൽ യുഎ ഇയിൽ ആദ്യ വിദേശ ഷോറൂം. ഇതിനിടയിൽ 10%, 20% കയറ്റിറക്കങ്ങൾ പല കുറി കണ്ടു. അതിലൊന്നും ആടിയുലഞ്ഞില്ല ഈ കപ്പലും കപ്പിത്താനും. പ്രവർത്തന മൂലധനം കൂടുതലായി വേണ്ടി വന്ന സാഹചര്യങ്ങൾ എത്രയോ?.ബ്ളൂംബർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം ഈ തൃശൂരുകാരൻ്റെ ആസ്തി 5.8 ബില്യൺ ഡോളർ. മലയാളക്കരയിലെ സ്വർണ്ണ മനുഷ്യൻ!




Comments