ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ തട്ടിപ്പ്; KPMG അന്വേഷിക്കും.
- Sreekantan S

- Feb 24
- 1 min read

ഹരിയാനയിലെ 590 കോടിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാൻ KPMGയെ ചുമതലപ്പെടുത്തിയതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് . ഫോറൻസിക് ഓഡിറ്റിങ് ഉടനടി നടത്താനാണ് തീരുമാനം.അതിനിടെ തട്ടിപ്പ് വാർത്തകളുടെ എറ്റവും മോശം സാഹചര്യം മുന്നിൽ കണ്ടുള്ള വിലയിലേക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി താഴ്ന്നുവെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.ഹരിയാനയിൽ 590 കോടിയുടെ തിരിമറി കണ്ടെത്തിയ ശേഷം ഓഹരി വില കുറഞ്ഞത് 16% ഓളം. വിപണി മൂല്യത്തിൽ വന്ന നഷ്ടം 12,000 കോടിക്ക് അടുത്ത്.
കുറച്ചു കാലം ഈ ആശങ്കകൾ തുടരാം. മീഡിയം, ലോങ് ടേം പ്രതീക്ഷകൾ തകിടം മറിക്കുന്നതിന് വ്യാപ്തിയുള്ളതല്ല ഹരിയാന സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. .പ്രൈസ് ടു ബുക്കിൻ്റെ 1.34 മടങ്ങിലാണ് ബാങ്ക് ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത്.1.6 മടങ്ങാണ് കഴിഞ്ഞ അഞ്ചു വർഷ ശരാശരി. 19% ഡിറേറ്റിങ് വിപണി വിലയിൽ ഉണ്ടായിരിക്കുന്നു.
ഹരിയാന എപ്പിസോഡ് കാരണം ഈ ത്രൈമാസത്തിൽ 100 % പ്രൊവിഷനിങ് അവർക്ക് നടത്തേണ്ടി വന്നേക്കാം. അങ്ങനെ വരുമ്പോൾ Q4ൽ അൽപ്പം ലാഭം കണ്ടാലായി.നേരിയ നഷ്ടത്തിനു പോലും സാദ്ധ്യതയുണ്ട്.Q3യിൽ 503 കോടി ലാഭം നേടിയിരുന്നു.
ഡിസംബർ 31ലെ കണക്കനുസരിച്ച് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ അറ്റാസ്തി മൂല്യം 41,000 കോടിയാണ്. 590 കോടി തിരിമറിയുടെ പരമാവധി ആഘാതം ബാങ്കിൻ്റെ നെറ്റ് അസറ്റ്സിൻ്റ രണ്ടു ശതമാനത്തിൽ താഴെയെ വരുന്നുള്ളു എന്നത് പരിഗണിക്കാവുന്ന ഒരു ഘടകമാണ്.
തട്ടിപ്പ് തുക പൂർണ്ണമായി വീണ്ടെടുക്കാനായില്ലെങ്കിൽ Q4 നികുതി പൂർവ ലാഭത്തിൽ 56%വരെ നഷ്ടം വരാമെന്ന് ചൂണ്ടിക്കാണിക്കുന്ന അനലിസ്റ്റുകളുമുണ്ട്. എന്നാൽ, 93% വായ്പാ നിക്ഷേപ അനുപാതം കരുത്തായി ഇക്കൂട്ടരും സമ്മതിക്കുന്നുണ്ട്. Fy 26-28 കാലത്ത് നിക്ഷേപത്തിൽ സഞ്ചിത വാർഷിക വളർച്ച അഥവാ CAGR 22% ആയിരിക്കുമെന്ന നിഗമനത്തിലാണ് മോത്തിലാൽ ഓസ്വാൾ. അങ്ങനെ വന്നാൽ വായ്പാ വിതരണം സുഗമമായി നടക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നാണ് അവർ പറയുന്നത്.
Disclaimer
ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണിത്. നിക്ഷേപ തീരുമാനങ്ങൾ സെബി അംഗീകൃത ഫിനാൻഷ്യൽ അഡ്വൈസർമാരുമായി കൂടിയാലോചിച്ച് മാത്രം സ്വീകരിക്കുക .




Comments