ദർശന രേഖ അറിയാം, ടാറ്റ സൺസ് ബോർഡ് യോഗം നാളെ
- Sreekantan S

- May 25
- 1 min read

ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം മെയ് 26ന് ചേരുന്നു. ടാറ്റ സൺസിൻ്റെ ഭാവി വളർച്ചാ പദ്ധതികളുടെ ദർശനരേഖ ചെയർമാൻ എൻ.ചന്ദ്രശേഖരൻ യോഗത്തിൽ അവതരിപ്പിക്കും.
ടാറ്റ ഗ്രൂപ്പ് പിന്തുടരുന്ന ബിസിനസ് സ്ട്രാറ്റജിയിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചന്ദ്ര ശേഖരൻ്റെ ചൊവ്വാഴ്ചത്തെ ദർശന രേഖയുടെ പ്രസക്തി വർദ്ധിക്കുന്നു.
മൂലധനം, മൂലധന വിനിയോഗം, ലാഭക്ഷമത എന്നീ ഘടകങ്ങൾ ഇഴകീറി പരിശോധിക്കപ്പെടുന്ന ഒരു പ്രസൻ്റേഷൻ ചന്ദ്രശേഖരൻ നടത്താനിടയുണ്ട്. വേണ്ടത്ര സാമ്പത്തിക അച്ചടക്കം ഗ്രൂപ്പ് പാലിക്കുന്നില്ലെന്ന പരാതി നോയൽ ടാറ്റ പലകുറി ആവർത്തിച്ചു കഴിഞ്ഞു. നേതൃതല കെടുകാര്യസ്ഥതയും നോയൽ ആരോപിച്ചിട്ടുണ്ട്. ഇതിനെല്ലാം മറുപടി ചന്ദ്രശേഖരനിൽ നിന്ന് പ്രതീക്ഷിക്കുന്നു.
നോയലും ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ഞുരുകിയെന്നാണ് മുംബൈയിലെ സംസാരം. രണ്ട് അടിസ്ഥാന പ്രശ്നങ്ങൾ ടാറ്റ ഗ്രൂപ്പിൽ പരിഹാരമാവാതെ ബാക്കി നിൽക്കുന്നു. 2027 ഫെബ്രുവരിയിൽ ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരൻ്റെ കാലാവധി തീരുന്നു. ഒരു ടേം കൂടി അദ്ദേഹത്തിന് കൊടുക്കണോ?രണ്ടാമത്തെ പ്രശ്നം ടാറ്റ സൺസ് ലിസ്റ്റിങ് വേണോ, വേണ്ടയോ എന്ന് തീരുമാനിക്കണം. ഇക്കാര്യത്തിലെ ഭിന്നത തീർന്നാൽ ടാറ്റ ഗ്രൂപ്പ് നിക്ഷേപകരുടെ ആശങ്കകൾ വലിയ തോതിൽ പരിഹരിക്കപ്പെടും.




Comments