ഐ ഫോൺ, 25% ഉത്പാദനം ഇന്ത്യയിൽ
- Sreekantan S

- Mar 10
- 1 min read

ആഗോള ഐഫോൺ ഉത്പാദനത്തിൻ്റെ 25% ഇന്ത്യയിൽ നിർമ്മിക്കുന്നു. ചൈനയ്ക്ക് ഉയർന്ന തീരുവ അമേരിക്ക ചുമത്തിയ പശ്ചാത്തലത്തിലാണ് ആപ്പിൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയത്.
വിവിധ രാജ്യങ്ങളിലായി 220 മുതൽ 230 ദശലക്ഷം വരെ ഐഫോണുകളാണ് ഒരുകൊല്ലം ആപ്പിൾ ഉത്പാദിപ്പിക്കുന്നത്. ഇതിൽ 55 ദശലക്ഷവും ഇന്ത്യയിൽ. ചൈനയിലും വിയറ്റ്നാമിലും നമ്മളേക്കാൾ ഉത്പാദന ചെലവ് കുറവാണ്. എന്നിട്ടും ഇന്ത്യയെ പരിഗണിക്കാൻ കാരണമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് സ്കീം പ്രകാരം ലഭിച്ച ഇളവുകളാണ് ഇന്ത്യയിൽ ഉത്പാദനം കൂട്ടാൻ അവരെ പ്രേരിപ്പിച്ച മുഖ്യ ഘടകം.
2024 ൽ ഇന്ത്യയിലെ ഐ ഫോൺ ഉത്പാദനം 36 ദശലക്ഷമായിരുന്നു. 2025 ൽ അത് 55 ദശലക്ഷമായി. ഉത്പാദനത്തിൻ്റെ സിംഹഭാഗവും ഇപ്പോഴും ചൈനയിൽ തന്നെ. ലൊ ജിസ്റ്റിക്സിലും സപ്ളെ ചെയിനിലും ചൈനയോട് കിടപിടിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ് നമുക്ക് അനുഗ്രഹമായത്.
സ്മാർട് ഫോണുകൾക്ക് നൽകുന്ന പ്രത്യേക ഉത്പാദന ഇളവുകളുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. കാലാവധി നീട്ടി നൽകണമെന്ന നിലപാടിലാണ് ആപ്പിൾ, സാംസങ് അടക്കമുള്ള പ്രമുഖ കമ്പനികൾ.
കുത്തനെ കൂട്ടിയ ചൈനാ തീരുവകൾ അൽപ്പം കുറയ്ക്കാൻ ട്രംപ് തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കാൻ ഉതകുന്ന നടപടികൾ സർക്കാർ ഉടൻ കൈക്കൊള്ളണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു
ഐ ഫോൺ 17ൻ്റ ഹൈ എൻഡ് പ്രോ, പ്രോ മാക്സ് മോഡലുകളുടെ അസംബ്ളിങ് പൂർണ്ണ തോതിൽ ഇപ്പോൾ ഇന്ത്യയിൽ നടത്തിവരുന്നു. ഫോക്സ് കോം ടെക്നോളജി, ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രൻ കോർപ്പ് എന്നീ കമ്പനികളാണ് ഘടകങ്ങൾ നിർമ്മിച്ച് ആപ്പിളിന് നൽകുന്നത്. പഴയ മോഡലുകളായ ഐഫോൺ 15, 16 എന്നിവയുടെ ഉത്പാദനവും അവർ ഇവിടെ തുടരുന്നുണ്ട്.
ഉത്പാദനം കൂട്ടുന്നതോടൊപ്പം ഇന്ത്യൻ വിപണിയും വൻതോതിൽ ആപ്പിൾ ലക്ഷ്യമിടുന്നു. അവരുടെ ഇന്ത്യയിലെ കച്ചവടം 9 ബില്യൺ ഡോളർ ഇതിനകം കടന്നിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ആപ്പിൾ പേ ഇന്ത്യയിൽ എത്തും. അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു




Comments