ആദ്യ ദിനം കുതിച്ചും കിതച്ചും
- Sreekantan S

- Apr 1
- 1 min read

സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ദിനം ഓഹരിയിൽ കുതിപ്പ്. രണ്ടു ദിവസത്തെ കനത്ത വിൽപ്പന ശമിച്ചതോടെ സെൻസെക്സും നിഫ്റ്റിയും ആവേശ തിരതള്ളലിൽ ബുധനാഴ്ച ഒരു വേള രണ്ടര ശതമാനത്തിലേറെ ഉയർന്നു. ഉച്ചയോടെയോ കിതപ്പും.
മധ്യപൂർവേഷ്യൻ സംഘർഷം അയയുന്നു എന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിലെ കരുത്തിന് പിന്നിൽ. ശുഭാപ്തി വിശ്വാസം രൂഢമൂലമായപ്പോൾ വ്യതിയാന സൂചിക INDIA VIX ന് 10% പ്രഹരം. മാർച്ചിൽ സെൻസെക്സിനും നിഫ്റ്റിക്കും വന്ന നഷ്ടം 11%. അതിൽ രണ്ടര തിരിച്ചുപിടിച്ചു കൊണ്ടാണ് പുതു സാമ്പത്തിക വർഷം തുടങ്ങിയത്.
ഉച്ചയോടെ ആവേശം കുറച്ച് ആറിത്തണുത്തു. ഉച്ചസ്ഥായിയിൽ നിന്ന് ഏതാണ്ട് 850 പോയൻ്റ് താഴ്ന്നു. ഹൊർ മുസ് തുറക്കും.പക്ഷെ, അതു നിങ്ങൾക്കാവില്ലെന്ന് അമേരിക്കയോട് മുഖത്ത് നോക്കി ഇറാൻ ഭരണകൂടം പറഞ്ഞത് അത്ര ശുഭകരമല്ലെന്ന് മാർക്കറ്റിന് തോന്നി.ഇനി അമേരിക്ക നാറ്റോയിൽ നിന്നെങ്ങാനും പിന്മാറുമോ? ആ സംശയങ്ങളും ഇടപാടുകാരെ പിന്നോട്ട് വലിച്ചു.
ബുധനാഴ്ച രാത്രി 9 ന് ,ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 6.30ന് ട്രംപ് അമേരിക്കയെ അഭിസംബോധന ചെയ്യുന്നുണ്ട്. അതറിഞ്ഞിട്ടാവാം ബാക്കി. ട്രേഡർമാരെ എങ്ങനെ തെറ്റു പറയാനാവും.
മാർച്ചിലെ വിൽപ്പന കണക്കുകൾ നല്ലതായതിനാൽ ഓട്ടോമൊബീൽ കമ്പനികൾ തിളങ്ങി.ഐഷറും മഹീന്ദ്രയും 4% കൂടി.ഫാർമ പൊതുവിൽ താഴോട്ടായിരുന്നു. പുതിയ സിഇഒ വന്നത് ഇൻ്റർഗ്ളോബ് ഏവിയേഷന് തുണയായി എന്നതും ഇന്നത്തെ ട്രേഡിങ് ഡേ വിശേഷമാണ്.




Comments