വരുമാന നേട്ടവുമായി എച്ച് യുഎൽ, 22 രൂപ ലാഭവിഹിതം
- Sreekantan S

- Apr 30
- 1 min read

ഹിന്ദുസ്ഥാൻ യുണീലീവറിന് Q4 ൽ കഴിഞ്ഞ മൂന്നു വർഷത്തെ മികച്ച വരുമാന വളർച്ച. അന്തിമ ലാഭവിഹിതമായി നിക്ഷേപകർക്ക് ഓഹരി ഒന്നിന് 22 രൂപ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2026 സാമ്പത്തിക വർഷം എച്ച് യുഎൽ നിക്ഷേപകർക്ക് നൽകിയത് പ്രതി ഓഹരി 41 രൂപ ഡിവിഡൻ്റ് .
മാർച്ച് ത്രൈമാസത്തിൽ കമ്പനി നേടിയ വരുമാനം 16,207 കോടി. മുൻ വർഷത്തെ അപേക്ഷിച്ച് 8% വരുമാന വളർച്ച. വിൽപ്പന വർധന 7%. വ്യാപാര വ്യാപ്തിയിലെ വർധനയോ 6%. ഇതെല്ലാം കഴിഞ്ഞ 12 പാദങ്ങളിലെ മികച്ച കണക്കുകളാണ്. നികുതി ശേഷ ലാഭം 3,002 കോടി. 20% വർധന.
ന്യുട്രിഷണലാബിലെ ഓഹരികൾ വിറ്റുകിട്ടിയ 256 കോടിയുടെ പിൻബലത്തിലാണ് ലാഭം ഇത്രകണ്ട് കൂടിയതെന്ന് വ്യക്തം. അതില്ലായിരുന്നുവെങ്കിൽ ലാഭം 2,711 കോടിയെ വരൂ.EBlTDA വരുന്നത് 3,841 കോടി. വളർച്ച 6% .
പുതിയ ലോക സാഹചര്യങ്ങൾ സപ്ളെ ചെയിൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സിഇഒ പ്രിയ നായർ പറയുന്നു. കറൻസി വ്യതിയാനങ്ങളും തലവേദനയാണ്. മികച്ച ആസൂത്രണത്തിലൂടെ എല്ലാം തരണം ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം പ്രിയ നായർ പ്രകടിപ്പിക്കുന്നു.
മികച്ച ഫലം വന്നിട്ടും എച്ച് യുഎൽ ഓഹരിയിൽ വിൽപ്പന സമ്മർദമാണ് കണ്ടത്. ഫലം വരികൾക്കിടയിലൂടെ വായിച്ചപ്പോൾ കമ്പോളത്തിന് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. വരും ദിവസങ്ങളിൽ ഗതി അറിയാം.




Comments