വിപ്രോ നിഫ്റ്റിക്ക് പുറത്തേക്ക്

വിപ്രോ സപ്തംബർ 30 മുതൽ നിഫ്റ്റിക്ക് പുറത്ത്. പകരം ബിഎസ്ഇ ആ സ്ഥാനം പിടിച്ച് നിഫ്റ്റിയിലേക്ക് വരുന്നു.
ഐടിയുടെ പ്രാമുഖ്യം ഓഹരി കമ്പോളത്തിൽ കുറഞ്ഞു വരുന്നതിൻ്റെ സൂചനയോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉയർത്തിവിടുന്ന അനിശ്ചിതത്വത്തിൽ സോഫ്റ്റ് വെയർ കമ്പനികളുടെ വരുമാനം കുറയുമോ എന്ന ആശങ്കയുടെ പ്രതിഫലനമായി ഇതിനെ വ്യാഖ്യാനിക്കാം.
വിപ്രോ ഓഹരി ഈ വർഷം ഇതിനകം കുറഞ്ഞത് 30%. ഐടി ഇൻഡക്സ് 16 % കുറഞ്ഞു. സെൻസെക്സും നിഫ്റ്റിയും 6% കുറഞ്ഞ കാലത്താണ് ഐടി ഇൻഡക്സ് 16% കുറഞ്ഞത്. അപ്പോൾ വിപ്രോ കുറഞ്ഞതോ 30%. കമ്പോള മൂല്യത്തിൽ കമ്പനികളിലെ അമ്പതു കരുത്തന്മാരുടെ ക്ളബ്ബായ നിഫ്റ്റിയിൽ നിന്ന് വിപ്രോ പുറത്തു കടക്കുമെന്ന് അപ്പോഴെ കരുതിയിരുന്നു.
2002ലാണ് വിപ്രോ നിഫ്റ്റിയിൽ ഇടം പിടിക്കുന്നത്. നോൺ ടെക്നോളജി ബിസിനസ് വിഭജിച്ച് പ്രത്യേക കമ്പനിയാക്കിയപ്പോൾ 2013 ൽ ഏതാനും മാസം വിപ്രോ നിഫ്റ്റിക്ക് പുറത്തു പോയിരുന്നു. എന്നാൽ, ഇത്തവണത്തെ പോക്ക് മടങ്ങി വരവ് അത്ര എളുപ്പമല്ലാത്ത പോക്കാണ്.
നിഫ്റ്റി പിന്തുടരുന്ന ഇൻഡക്സ് ഫണ്ടുകളും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും എല്ലാം ഇതോടെ വിപ്രോ ഓഹരി വിറ്റൊഴിയും. നിക്ഷേപകർ ശ്രദ്ധിക്കുക.



