top of page

രണ്ട് അമേരിക്കൻ സംരംഭങ്ങൾ ഏറ്റെടുക്കാൻ ഇൻഫോസിസ്


ഇൻഫോസിസ് അമേരിക്കയിലെ രണ്ട് ഐടി സംരംഭങ്ങൾ ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിന് മുടക്കാൻ പോകുന്നത് 560 ദശലക്ഷം ഡോളർ. അടുത്തിടെ ഇൻഫോസിസ് വിദേശത്ത് നടത്തുന്ന വലിയ ഏറ്റെടുക്കലാണിത്.


ഒപ്റ്റിമം ഹെൽത്ത് കെയർ ഐടി, സ്ട്രാറ്റസ് എന്നീ സംരംഭങ്ങളാണ് ഇൻഫോസിസ് അമേരിക്കയിൽ സ്വന്തമാക്കാൻ പോകുന്നത്. ഒപ്റ്റിമത്തിന് വേണ്ടിയാണ് 465 ദശലക്ഷം ഡോളറും മുടക്കുന്നത്. സ്ട്രാറ്റസ് വാങ്ങാൻ വേണ്ടി വരുന്നത് 95 ദശലക്ഷം ഡോളറും.


2027 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ ഏറ്റെടുക്കൽ പ്രാബല്യത്തിലാവും. ഒപ്റ്റിമം ഹെൽത്ത് കെയർ ഐടി , ഫ്ളോറിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐടി സംരംഭമാണ്. ഹെൽത്ത് കെയറിലും ഡിജിറ്റലൈസേഷനും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. 1,600 ലേറെ ജീവനക്കാരുണ്ട്. 2025 സാമ്പത്തിക വർഷം ഒപ്റ്റിമം നേടിയ വരുമാനം 275.9 ദശലക്ഷം ഡോളറാണ്. 2024 ലെ വരുമാനം 106.6 ദശലക്ഷം ഡോളറും. ദ്രുതഗതിയിൽ വളരുന്ന ഈ അമേരിക്കൻ സംരംഭം ഇൻഫോസിസിന് മുതൽക്കൂട്ടാവുമെന്നാണ് പൊതു വിലയിരുത്തൽ.


സ്ട്രാറ്റസിൻ്റ ആസ്ഥാനം ന്യുജഴ്സി. 450 പേർ പണിയെടുക്കുന്നു. പ്രോപ്പർട്ടി, കാഷ്വാൽറ്റി ഇൻഷൂറൻസ് മേഖലകളിൽ പ്രവർത്തിക്കുന്നു.


ഹെൽത്ത് കെയറിൽ നിന്നും ഫിനാൻഷ്യൽ സർവീസസിൽ നിന്നുമാണ് ഇന്ത്യൻ ഐടി കമ്പനികൾ പ്രധാനമായും വരുമാനം നേടുന്നത്. ലോകത്ത് എന്തു കുഴപ്പമുണ്ടായാലും ബാധിക്കുന്ന രണ്ട് മേഖലകളാണിത്. റവന്യു മോഡൽ കണക്കിലെടുത്ത് ഭാരിച്ച ബാധ്യത വരുത്തുന്ന ഒരു ഏറ്റെടുക്കലിനും ഇൻഫോസിസ് അടുത്ത കാലത്തെങ്ങും മുതിർന്നിട്ടില്ല.


കാശ് മുടക്കിയാൽ ഗുണമുള്ള മേഖലകൾ, കമ്പനികൾ. ആ ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇൻഫോസിസ് കരുക്കൾ നീക്കുന്നത്. ഡൊമൈൻ മേന്മയുള്ള മിഡ് സൈസ് കമ്പനികൾ എന്ന നിലയ്ക്ക് തന്നെയാണ് ഒപ്റ്റിമത്തിനെയും സ്ട്രാറ്റസിനെയും ഇൻഫോസിസ് പരിഗണിച്ചതെന്ന് വ്യക്തം.


രാമനവമി പ്രമാണിച്ച് വ്യാഴാഴ്ച സ്റ്റോക് മാർക്കറ്റുകൾ പ്രവർത്തിച്ചില്ല. വെള്ളിയാഴ്‌ച വിപണി തുറന്നാലെ മാർക്കറ്റ് റിയാക്ഷൻ അറിയാനാവൂ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page