ഫോൺപേ, ഗൂഗിൾ പേ മാർക്കറ്റ് ഷെയർ 80%ൽ താഴെ

യുപിഐ മാർക്കറ്റിൽ ഫോൺപേയുടെയും ഗൂഗിൾ പേയുടെയും അപ്രമാദിത്തം അവസാനിക്കുന്നു. ഒടുവിൽ പുറത്തു വന്ന മെയ് മാസത്തെ കണക്കുകൾ പ്രകാരം ഈ രണ്ട് കമ്പനികളുടെയും സംയുക്ത കമ്പോള വിഹിതം ഇതാദ്യമായി 80%ൽ താഴെയായി.
പുതിയ യുപിഐ ആപ്പുകളായ ഭീം, നവി, സൂപ്പർ. മണി, വാട്ട്സാപ്പ് പേ എന്നിവ സാവധാനം കളം പിടിച്ചു വരുന്നുവെന്നാണ് നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു യുപിഐ ആപ്പിന് സ്വന്തം നിലയ്ക്ക് 30%ൽ ഏറെ വിപണി പങ്കാളിത്തം പാടില്ലെന്ന നിബന്ധന സർക്കാർ കൊണ്ടുവരാൻ പോവുകയാണ്. ആറു മാസത്തിനകം ഈ നിയന്ത്രണം നിലവിൽ വരും.
ഫോൺപേയ്ക്കും ഗൂഗിൾ പേയ്ക്കും കൂടി നിലവിലുള്ള വിപണി പങ്കാളിത്തം 79% ആയി കുറഞ്ഞിരിക്കുന്നു. ഫോൺ പേയ്ക്ക് 46.2% വും ഗൂഗിൾ പേയ്ക്ക് 32.7% വും സ്വന്തം. പേടിഎമ്മിന് 7.9%, നവി 3.6%, സൂപ്പർ. മണി 1.8%, ഭീം 0.98 %, ഫാംപേ 0.85%, ക്രെഡ് 0.68% വാട്ട് സാപ്പ് പേ 0.65 %, ആമസോൺ പേ 0.38% എന്നിങ്ങനെ പോകുന്നു വിപണി പങ്കാളിത്തത്തിൻ്റെ കണക്കുകൾ
മുൻനിരക്കാർക്ക് കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളിൽ വിപണി പങ്കാളിത്തത്തിൽ 7 % നഷ്ടം വന്നത് പുതിയ ആപ്പുകളുടെ വളർച്ചയുടെ സൂചനയായി കാണാം.



