ജിയോ IPO, അറിയേണ്ട വസ്തുതകൾ

ജിയോ പ്ളാറ്റ്ഫോംസ് ഐപിഒയിൽ കണ്ണുവെക്കുന്നവർ അറിയേണ്ട ചില അടിസ്ഥാന വസ്തുതകളുണ്ട്. ഐപിഒ യ്ക്ക് അപേക്ഷിക്കുക വഴി നമ്മളും ആ ബിസിനസിൽ പങ്കാളികളാവുകയാണല്ലോ.
ജിയോ എന്ന ബ്രാൻ്റ് റിലയൻസ് കെട്ടിപ്പടുത്തത് അസാധാരണമായ മാനേജ്മെൻ്റ് മികവിലൂടെയാണ്. 2016ൽ ടെലികോം മേഖലയിലേക്ക് ജിയോ കടന്നു വരുന്നത് ഒരു ക്രൗഡഡ് മാർക്കറ്റിലേക്കാണ്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇന്നത്തെ നിലയ്ക്ക് എത്തിയത്.
1065-1119 പ്രൈസ് ബാൻറിലാണ് ജിയോ പ്ളാറ്റ്ഫോംസ് ഇഷ്യു വരുന്നത്. ഓഹരികൾ പ്രൈസ് ബാൻറിലെ ഉയർന്ന വിലയായ 1,119 രൂപയ്ക്ക് ലിസ്റ്റ് ചെയ്താൽ തന്നെ ജിയോ പ്ളാറ്റ്ഫോം സിൻ്റ കമ്പോള മൂല്യം 10,30,490.55 കോടി വരും. ഏറെ മുമ്പെ ഈ രംഗത്തേക്ക് വന്ന ഭാരതി എയർടെലിൻ്റ നിലവിലെ കമ്പോള മൂല്യം 11,63, 697 കോടി . ബ്ളൂചിപ്പ് കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിൻ്റ കമ്പോള മൂല്യമോ 11, 18,773 കോടി. കമ്പോള മൂല്യത്തിൽ ഒന്നാമനായി റിലയൻസ് ഇൻഡസ്ട്രീസ് തുടരുന്നു. 16,40,076 കോടിയാണ് റിലയൻസ് ഇൻഡസ്ട്രീസിൻ്റ നിലവിലെ കമ്പോള മൂല്യം. കമ്പോള മൂല്യത്തിൽ പതാക വാഹക കമ്പനിക്ക് കയ്യെത്തും ദൂരത്ത് മറ്റൊരു കമ്പനിയെ സൃഷ്ടിച്ചെടുക്കാൻ പത്തു വർഷം കൊണ്ട് മുകേഷ് അംബാനിക്ക് കഴിഞ്ഞത് ചില്ലറ കാര്യമല്ല.
ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വൊഡഫോൺ എന്നീ കമ്പനികളാണ് ഈ രംഗത്ത് മത്സരിക്കുന്നത്. ഇതിൽ തന്നെ ജിയോയും ഭാരതി എയർടെല്ലും തമ്മിലാണ് കടുത്ത മത്സരം. ഓഗസ്റ്റ് ഒടുവിലത്തെ കണക്കു വെച്ച് ജിയോ ഉപഭോക്താക്കൾ 50.30 കോടി.എയർടെലിന് 48. 70 കോടി.
ബിഎസ്എൻഎൽ, വൊഡഫോൺ മാർക്കറ്റ് ഷെയർ പിടിച്ചെടുത്തുകൊണ്ട് ആദ്യ രണ്ടു കമ്പനികൾ മുന്നേറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ വരിക്കാരെ നേടാൻ ഭാരതിയിൽ നിന്ന് കടുത്ത വെല്ലുവിളി ജിയോ നേരിടുന്നുണ്ട്.
2026 സാമ്പത്തിക വർഷം ജിയോയുടെ പ്രവർത്തന വരുമാനം 1,46,885 കോടിയാണ്. ഭാരതിയുടെ കൺസോളിഡേറ്റഡ് റവന്യം വരുന്നത്
2,10,973 കോടി.ജിയോയുടെ Ebitda Margin 50%. ഭാരതിയുടേത് 55.2%. എബിറ്റ്ഡ കണക്കെടുത്താൽ ജിയോയുടേത് 73,382 കോടി. ഭാരതിയുടേത് 1,16,514 കോടി.
നെറ്റ് പ്രോഫിറ്റ് ജിയോയ്ക്കാണ് കൂടുതൽ. Fy 26ൽ 30,046 കോടി ജിയോ ലാഭം നേടി. ഭാരതി നേടിയത് 26,623 കോടി. ഒരു ഉപഭോക്താവിൽ നിന്ന് നേടിയ ശരാശരി വരുമാനം പരിശോധിച്ചാലോ? ജിയോ 2026 മാർച്ച് പാദത്തിൽ നേടിയത് പ്രതിമാസം 214 രൂപ.ഭാരതിയുടേത് 257.20 രൂപ. ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കൂട്ടാനാണ് ഭാരതിയുടെ ഫോക്കസ് . സ്കെയിൽ ഓഫ് ബിസിനസിലാണ് ജിയോയുടെ ഊന്നൽ.
കൈകാര്യം ചെയ്ത ഡേറ്റയുടെ കണക്കുകൾ പരിശോധിക്കാം. FY 26ൽ ജിയോ കൈകാര്യം ചെയ്തത് 241.4 ബില്യൺ ജിബി.ഭാരതി കൈകാര്യം ചെയ്തത് 101.3 ബില്യൺ ജിബി. റിട്ടേൺ ഓൺ ക്യാപ്പിറ്റൽ എടുത്താൽ ഭാരതിക്ക് മേൽക്കൈയുണ്ട്. ജിയോയുടേത് 10.76%. ഭാരതിയുടേത് 19.07%.
മൂലധനം ഏറെ വേണ്ട ഒരു മേഖലയാണ് ടെലികോം. ജിയോ അവരുടെ 5G നെറ്റ് വർക് ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ഐപിഒ പണം ഉപയോഗിച്ച് കടം കുറയ്ക്കാൻ കഴിയുന്നതോടെ ബാലൻസ് ഷീറ്റ് കൂടുതൽ ശക്തമാവും. ഡിജിറ്റൽ ഇന്ത്യ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ജിയോയുടെ ക്യാഷ് ജനറേഷന് ഇത് സഹായകരമാവുമെന്നാണ് പൊതു വിലയിരുത്തൽ.
ഇനി റിസ്ക്ക് നോക്കാം. സ്പെക്ട്രം ചാർജ്ജുകളിൽ സർക്കാർ വരുത്തുന്ന മാറ്റം, സാറ്റ്ലൈറ്റ് ഇൻ്റർനെറ്റ് സർവ്വീസിൻ്റ വരവും സ്വാധീനവും, വിദേശനാണ്യ വിപണിയിലെ ചാഞ്ചാട്ടങ്ങൾ എല്ലാം ജിയോയുടെ പ്രതീക്ഷകൾക്ക് വെല്ലുവിളിയാണ്. മസ്ക് അല്ല ആരു വന്നാലും മത്സരത്തെ ജിയോ ഭയക്കുന്നില്ലെന്ന് മുകേഷ് X ൽ കുറിക്കുന്നു. ആ വിശ്വാസം ശിരസ്സാ വഹിക്കണോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
വാൽക്കഷ്ണം എല്ലാ നിക്ഷേപ തീരുമാനങ്ങളും സെബി സർട്ടിഫൈഡ് അനലിസ്റ്റുമായി ചർച്ച ചെയ്ത് മാത്രം. ഓഹരി നിക്ഷേപം നഷ്ടസാദ്ധ്യതയുള്ളതാണ്.



