top of page

ഗ്യാപ് ഡൗൺ തന്നെ


പറഞ്ഞതു പോലെ തന്നെ സ്റ്റോക് മാർക്കറ്റിൽ ഗ്യാപ് ഡൗൺ ഓപ്പണിങ്. സെൻസെക്സും നിഫ്റ്റിയും ഒറ്റയടിക്ക് 1.8% താഴ്ന്നപ്പോൾ കമ്പോള മൂല്യത്തിൽ എട്ടു ലക്ഷം കോടി ആവിയായി.


ഓട്ടോ, റിയാൽറ്റി, ഇൻഫ്ര അടക്കം എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിൽ നീരാടി. പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് വില ഫ്യൂച്ചേഴ്സിൽ കഴിഞ്ഞ 14 മാസത്തെ ഉയർന്ന നിരക്കിൽ. സ്പോട്ടിൽ 7% വർധന ബ്രൻ്റിൽ കണ്ടു. ബ്രൻ്റ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 82.40 ഡോളർ കണ്ടത് ആശങ്കയുടെ നിഴൽ പരത്തി.


ഹോർമൂസ് അടച്ചെന്ന് ടെഹ്റാൻ പറഞ്ഞതായി വാർത്തകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിദേശ നാണ്യ വിപണിയിൽ രൂപ ദുർബലമായി തുടരുന്നു. വ്യതിയാന സൂചിക INDIA VIX 16.34 ലേക്ക് ഉയർന്നത് വലിയ വില വ്യതിയാനത്തിന് കമ്പോളം വിധേയമാവുമെന്നതിൻ്റെ സൂചനയായി കാണാം.


പ്രതിസന്ധി ഘട്ടങ്ങളിൽ ഭയന്ന് വിറ്റു മാറുന്നത് നല്ല സ്ട്രാറ്റജിയല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. ദീർഘദൃഷ്ടിയോടെ നല്ല കമ്പനികളിലേക്ക് പതുക്കെ പതുക്കെ  വലതുകാൽ വെച്ച് പ്രവേശിക്കാൻ ഈ അവസരങ്ങൾ വിനിയോഗിക്കാം. നിക്ഷേപ നിർദ്ദേശങ്ങൾക്കായി സെബി അംഗീകൃത അനലിസ്റ്റുകളെ ആശ്രയിക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page