ഓഹരി താഴോട്ട്, ഐടിയിൽ ആന്ത്രോപിക് ഭയം

ഓഹരി താഴോട്ട് തന്നെ. പശ്ചിമേഷ്യൻ പ്രതിസന്ധി അയയുന്ന മട്ടില്ല. ഇതാണ് ഓഹരി നിക്ഷേപകരെ അലട്ടുന്ന പ്രധാന പ്രശ്നം. ഇൻഡക്സുകൾ ആടിയുലഞ്ഞ് ഒടുവിൽ നഷ്ടം കാണിക്കുന്നു.
സെൻസെക്സ് 150 പോയൻ്റ് വീണപ്പോൾ നിഫ്റ്റി 50 പോയൻറ് കുറഞ്ഞു. കഴിഞ്ഞ നാലു ദിവസങ്ങളായി നാസ്ഡാക് വീണത് ആറു ശതമാനം. യുഎസിൽ പണപ്പെരുപ്പം വല്ലാതെ കൂടുന്നു. ഒപ്പം ക്രൂഡ് വില വർധന എന്ന തുടർക്കഥ. വിദേശ ഫണ്ടുകളോ തുടർച്ചയായി വിൽപ്പന പക്ഷത്ത് .
ഐടിയിൽ ആന്ത്രോപിക് പ്രഹരം. അവരുടെ അടുത്തിറങ്ങിയ ക്ളൗഡ് ഫാബിൾ അഞ്ച് പരമ്പരാഗത ഐടി ബിസിനസ് മോഡൽ തകർത്തെറിയുമോ?ഇന്ത്യയിൽ ഇന്ന് ഐടി ഇൻഡക്സ് താഴാൻ പ്രധാന കാരണം ഈ ഭയമാണ്. ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര എല്ലാം താഴ്‌ന്നു. മിഡ് കാപ്പ് ഐടിയിലേക്കും ഈ ഭയം പടർന്നു. പേഴ്സിസ്റ്റൻ്റ് സിസ്റ്റംസ്, കൊഫോർജ് എന്നിവയും വിലയിടിവ് കാണിച്ചു.



