ഐടി തുണച്ചു, നിഫ്റ്റി 24,000നു മുകളിൽ

ഐടിയുടെ ചിറകിലേറി സ്റ്റോക് മാർക്കറ്റിൽ മുന്നേറ്റം. മുൻ ദിവസത്തെ നഷ്ടം നികത്തി സെൻസെക്സും നിഫ്റ്റിയും മുന്നേറി. ക്രൂഡ് വില കുറഞ്ഞതും വിദേശ ഫണ്ടുകൾ പണമിറക്കിയതും ഊർജ്ജമായി.
സെൻസെക്സ് 790.54 പോയൻറ് വർധനയോടെ 76,991.22 ൽ എത്തി. നിഫ്റ്റി 197.55 പോയൻ്റ് വർധനയോടെ 24,021.65ൽ എത്തി. ഐടിക്കൊപ്പം പ്രൈവറ്റ് ബാങ്കുകളും മുന്നേറി. ഓട്ടോ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ മാത്രം പിന്നോട്ടടിച്ചു.
ഐടി ഇൻഡക്സ് ഒരു ശതമാനം കൂടി.ടെക് മഹീന്ദ്ര 2.6% വില വർധന രേഖപ്പെടുത്തി. ഇൻഫോസിസ് 1.3% വും ടിസിഎസ് 0.6%വും കൂടി.
ബാങ്ക് നിഫ്റ്റി ഒന്നര ശതമാനം കയറി. ഐസിഐസിഐ ബാങ്കും എച്ച് ഡിഎഫ്സി ബാങ്കും മുന്നിൽ നിന്ന് നയിച്ചു.
എഫ് ആൻ്റ് ഒ ക്ളോസിങ്ങിന് മുന്നോടിയായി വ്യതിയാന സൂചിക ഇന്ത്യാ വിക്സ് 2.65 % കുറഞ്ഞത് ശുഭസൂചനയായി കാണാം. സമീപ കാല ദൃഷ്ടിയിൽ തുടർന്നും ടെക് ഓഹരികളിൽ മുന്നേറ്റം പ്രതീക്ഷിക്കുകയാണ് വിദഗ്ദ്ധർ.



