ആമസോൺ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന്

ഇന്ത്യയിൽ ആമസോൺ 48 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങുന്നു.
2030നകം ഈ വമ്പൻ നിക്ഷേപം ഇന്ത്യയിൽ എത്തും. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം ആമസോൺ സിഇഒ ആൻഡി ജാസിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇതിൽ 13 ബില്യൺ ഡോളർ Al, ക്ളൗഡ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാവും വിനിയോഗിക്കുക. മുംബൈയിലും ഹൈദ്രബാദിലും ആമസോൺ വെബ് സർവീസസിൻ്റ ഡേറ്റാ സെൻറർ ശേഷി കൂട്ടുമെന്നും ആൻഡി ജാസി പറഞ്ഞു. കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റും AI ചിപ്പുകളും ക്ളൗഡ് സേവനങ്ങളും വൻ തോതിൽ ഉപയോഗിക്കാൻ ഈ നടപടി സഹായിക്കും. പുതിയ ഡവലപ്പർ ടൂളുകളിലേക്ക് വഴി മാറാനും അവസരമാവും.
ഇന്ത്യയിൽ ഇ-കമേഴ്സ്, Al, ക്ളൗഡ് ബിസിനസ്സുകൾ ദ്രുതഗതിയിൽ വളരുകയാണ്. വളർച്ചാ വേഗം കൂട്ടാനുള്ള സർക്കാർ നടപടിയിൽ ആമസോൺ താങ്ങാവുമെന്നും പ്രധാനമന്ത്രിയെ കണ്ട ശേഷം ആൻഡി ജാസി പറഞ്ഞു.
1.20 കോടി ചെറുകിട സംരംഭകരെ ആമസോൺ ഇന്ത്യയിൽ ഇതിനകം ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ എത്തിച്ചു കഴിഞ്ഞു.28 ലക്ഷം തൊഴിൽ അവസരങ്ങൾ സാർത്ഥകമാക്കി. 38 ലക്ഷം തൊഴിൽ അവസരങ്ങൾ കൂടി ഇവിടെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ആമസോൺ തലവൻ പറഞ്ഞു.



