അദാനി എയർലൈൻ, പരിഗണനയിലെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പ് വിമാനക്കമ്പനി പരിഗണിക്കുന്നു. വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളിയാവുന്ന നീക്കമാണ് അദാനി യുടേത്. മുംബൈ അടക്കം എട്ടു വിമാനത്താവളങ്ങൾ നിലവിൽ അദാനി യാണ് ഓപ്പറേറ്റ് ചെയ്യുന്നത്. സിമൻറ്, വൈദ്യുതി, തുറമുഖം, വിമാനത്താവളം തുടങ്ങി വിപുല പ്രവർത്തന ശൃംഖലയുള്ള അദാനി വ്യോമയാന മേഖലയും കണ്ണുവെക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അദാനി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തള്ളിയിട്ടുമുണ്ട്. റിസ്കി ബിസിനസ് ആയതു കൊണ്ടു തന്നെ പലകുറി ആലോചിച്ചെ അദാനി തീരുമാനം എടുക്കാൻ തരമുളളു.
ഏവിയേഷൻ രംഗത്ത് ഇന്ത്യയിൽ നിലവിൽ രണ്ട് കമ്പനികളുടെ മേൽക്കോയ്മയാണ്. 65.4% മാർക്കറ്റ് ഷെയറുമായി ഇൻഡിഗോയുടെ അപ്രമാദിത്തം. പിന്നെ 25% വിഹിതവുമായി എയർ ഇന്ത്യ. പുതിയ സംരംഭകരുടെ രംഗപ്രവേശം സർക്കാർ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് അദാനിയുടെ പുനരാലോചനയെന്നാണ് സൂചന.



