SIPയിൽ എന്താവണം തന്ത്രം?
- Sreekantan S

- Mar 13
- 1 min read

ഓഹരി വില കുറയുമ്പോൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ളാനിൽ നിക്ഷേപിക്കുന്നവർ എന്തു ചെയ്യണം? വലിയ വിലയിടിവിൽ പകച്ചുപോയി, എസ്ഐപിയിൽ പതിവ് നിക്ഷേപം തന്നെ നിർത്തി പുറത്തു ചാടുന്നവർ ഉണ്ട്. അത് അത്ര ബുദ്ധിയാണെന്ന് പറയാനാവില്ല. നിക്ഷേപിച്ചു വന്ന സ്കീമിൽ പതിവു നിക്ഷേപം കൊണ്ടു തന്നെ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള അവസരമാണ് ഇതു മൂലം കൈമോശം വരുന്നത്.
നേർ രേഖയിലൂടെ കടന്നു പോകുന്നതല്ല ഓഹരിക്കമ്പോളത്തിൻ്റെ രീതിശാസ്ത്രം. അത് വലിയതും ചെറിയതുമായ വ്യതിയാനങ്ങളുടേതാണ്. അതെന്തും അവസരങ്ങളുമാണ്. കയറുന്ന വിപണിയിൽ നിശ്ചിത നിക്ഷേപം കൊണ്ട് കുറഞ്ഞ യൂണിറ്റുകൾ വാങ്ങാൻ ഭയക്കാത്തവർ ഇറങ്ങുന്ന വിപണിയിൽ അതേ തുക കൊണ്ട് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ എന്തിന് ഭയപ്പെടണം? ചിലർ വിചാരിക്കും എസ്ഐപി ഒരു ഇടവേളക്ക് നിർത്താം. വില കുറയാൻ അൽപ്പം കാക്കാം. കുറയുമ്പോൾ ബൾക്ക് നിക്ഷേപം. ഇനിയുമേറെ കുറയുമെന്ന് ആരു കണ്ടു?കുറഞ്ഞില്ലെങ്കിലോ?ആവറേജിങ്ങിനുള്ള അവസരമല്ലേ നഷ്ടപ്പെടുക.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് സ് ഓഫ് ഇന്ത്യ അഥവാ ആംഫിയുടെ കണക്കു പ്രകാരം ഫെബ്രുവരിയിൽ പുതുതായി രജിസ്റ്റർ ചെയ്ത എസ് ഐപി അക്കൗണ്ടുകൾ 65.72 ലക്ഷം. കാലാവധി പൂർത്തിയാക്കിയതോ നിർത്തിയതോ ആയ അക്കൗണ്ടുകളുടെ എണ്ണം 49.70 ലക്ഷം. ഫെബ്രുവരിയിലെ എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ 76 %. ജനുവരിയിൽ ഇത് 74% ആയിരുന്നു.
ഈ വർഷം ഇതിനകം സെൻസെക്സ് 10.8% കുറഞ്ഞു. നിഫ്റ്റി 9.5% താഴ്ന്നു.ബിഎസ്ഇ മിഡ്കാപ്പ് 150 ഇൻഡെക്സ് 7.2% വും സ്മാൾ കാപ്പ് 250 ഇൻഡക്സ് 9.5% വും കുറഞ്ഞു.
ഓഹരി കമ്പോളത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ വലിയ ഇടിവുകളെ തുടർന്നാണ് ശക്തമായ മുന്നേറ്റങ്ങൾ ഉണ്ടായതെന്ന് കാണാം. പൊടുന്നനെ 10% കുറഞ്ഞതും ഒരു അവസരമാണ്. ആ അവസരത്തിൽ നിന്ന് പൂർണ്ണമായി വിട്ടു നിന്നാൽ തിരിച്ചു കയറ്റത്തിൻ്റെ പ്രയോജനം നമുക്ക് കിട്ടാതെ വരും.
നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുമ്പ് സെബി സർട്ടിഫൈഡ് അനലിസ്റ്റുകളുടെ വിദഗ്ദ്ധോപദേശം സ്വീകരിക്കുക. ബോധവത്ക്കരണം ഒന്നു മാത്രമാണ് ഈ കുറിപ്പിന്നാധാരം.




Comments