top of page

Roaring bulls, ഓഹരിയിൽ എന്താ കുതിപ്പ്!


ഓഹരിയിൽ കാളകൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചു. പേടിപ്പിക്കാൻ പുറപ്പെട്ട കരടികളെ കുത്തിമലർത്തി. പലിശയിൽ നമ്മൾ പറഞ്ഞ പോലെ മാറ്റമില്ലെന്ന് ആർബിഐ, യുദ്ധത്തിന് രണ്ടാഴ്‌ചത്തെ അവധി നൽകി അമേരിക്കയും ഇറാനും, ക്രൂഡ് വില താഴേക്ക്, പണപ്പെരുപ്പ ആശങ്ക ഒഴിയുന്നു. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ പതുങ്ങിയിരുന്ന കാളകൾ മുരണ്ടോടി.


സെൻസെക്സും നിഫ്റ്റിയും  പറന്നുയർന്നു. ക്ളോസിങ്ങിൽ പോലും ആ കുതിപ്പിന് ഒരു വിരാമവുമില്ല. സെൻസെക്സിൽ 2946.32 പോയൻ്റ് വർധന. ശതമാനക്കണക്കിൽ 3.95% നേട്ടം. 77562.90ൽ സെൻസെക്സ് ക്ളോസിങ് വേളയിൽ എത്തിയിരിക്കുന്നു. നിഫ്റ്റി 873.70 പോയൻ്റ് ബുധനാഴ്ച ഒറ്റ ദിവസം കൂടി. 3.78 % വർധന. നിഫ്റ്റി എത്തി നിൽക്കുന്നത്  23997.35 പോയൻ്റിൽ.


ഐടിയും ഫാർമയും ഒഴിച്ച് എല്ലാ സെക്ടറൽ ഇൻഡക്സുകളും പച്ചയിൽ ആറാടി. സ്മാൾ കാപ്പ്, മിഡ് കാപ്പ് ഇൻഡക്സുകൾ മൂന്നര ശതമാനം വരെ കൂടി. ഫിനാൻസ്, ഓട്ടോ, റിയൽറ്റി ,എല്ലാം പറന്നുയർന്നു. എൽ ആൻ്റ്  ടി ഉയർന്നത് 7 % .ഇൻ്റർ ഗ്ളോബ് ഏവിയേഷൻ 10% ഉയർന്ന് അപ്പർ സർക്യൂട്ടിൽ തട്ടി നിന്നു. കൗണ്ടറിൽ കാളകൾ തിമിർത്താടിയപ്പോൾ കുറച്ചു സമയം വ്യാപാരം നിർത്തി.


ഏഷ്യൻ മാർക്കറ്റുകളെല്ലാം ആവേശത്തിലാണ്. കൊറിയൻ കോസ്പി, ജപ്പാൻ്റെ നിക്കി, ഷാങ്ഹായ് യുടെ എസ്എസ്ഇ കോമ്പസിറ്റ്, ഹോങ് കോങ്ങിൻ്റ ഹാങ്സങ് എല്ലാം ഉയർച്ചയിൽ. വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ആവേശം നിറഞ്ഞു കാണുന്നു.


ക്രൂഡ് വില ബാരലിന് 94.80 ഡോളറിലേക്ക് താഴ്ന്നു. വിദേശ നാണ്യ വിപണിയിൽ രൂപയുടെ ഡോളർ മൂല്യം 92.56 ലേക്ക് മെച്ചപ്പെട്ടു. എല്ലാറ്റിനും മേമ്പൊടിയായി പലിശയിൽ സ്റ്റാറ്റസ് കോ  തീരുമാനം എംപിസി ഏകകണ്ഠമായി എടുത്തതാണെന്ന ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ വിശദീകരണം കൂടിയായപ്പോൾ കൊട്ടിക്കലാശമായി. വ്യതിയാന സൂചിക INDIA VIX ഞെരിഞ്ഞമർന്നു. ബലേ ഭേഷ് !


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page