NSE ഐപിഒ, നടപടികൾ തുടങ്ങി
- Sreekantan S

- Mar 14
- 1 min read

നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഐ പിഒയ്ക്ക് അണിയറയിൽ ഒരുക്കങ്ങൾ തകൃതി. കമ്പോള സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ഓഹരി വിൽപ്പന തിയ്യതി പ്രഖ്യാപിക്കും. ഇൻവെസ്റ്റ്മെൻ്റ് ബാങ്കേഴ്‌സും ലീഗൽ അഡ്വൈ സേഴ്സുമായി. എൻഎസ്ഇ ഓഹരി വിൽപ്പനക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് തള്ളിപ്പോയതോടെ നിയമ പ്രശ്നങ്ങൾ തീർന്നിരിക്കുന്നു.
ജനുവരിയിൽ സെബി അനുമതി ലഭിച്ചിരുന്നു. നിലവിലുള്ള ഓഹരി ഉടമകൾക്ക് ഓഹരി പങ്കാളിത്തം കുറയ്ക്കാൻ പാകത്തിന് ഓഫർ ഫോർ സെയിലാവും എൻഎസ്ഇ നടത്തുക. വരാൻ പോകുന്നത് 24,000 മുതൽ 25,000 കോടിയുടെ മെഗാ ഐപിഒ. അങ്ങനെയെങ്കിൽ രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒകളിൽ ഒന്ന്.
എൻഎസ്ഇ ഓഹരി ബിഎസ്ഇയിലാവും ലിസ്റ്റ് ചെയ്യുക. ബി എസ്ഇക്ക് പുറമെ മെട്രോപൊളിറ്റൻ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും ലിസ്റ്റിങ് പരിഗണിക്കുന്നുണ്ട്. എൻ എസ്ഇ ഓഹരി എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.
എൻഎസ്ഇ ഓഹരി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുന്നത് ബിഎസ്ഇക്ക് ഗുണകരമാവുമെന്നാണ് പൊതു വിലയിരുത്തൽ. നിലവിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ കമ്പോള മൂല്യം 430 ലക്ഷം കോടിയാണ്. എൻഎസ്ഇ യിലേത് 428 ലക്ഷം കോടിയും. ഓഹരി വില വ്യതിയാനത്തിൽ ഇത് മാറിയും മറിഞ്ഞും നിൽക്കും. പൊതുവിൽ രണ്ടും തമ്മിൽ നേരിയ വ്യത്യാസം മാത്രം. എൻ എസ് ഇ ഓഹരി കൂടി ബിഎസ്ഇയിൽ വരുമ്പോൾ ഈ വ്യത്യാസം കൂടും.
ലിസ്റ്റിങ്ങിൽ എൻഎസ്ഇ കമ്പോള മൂല്യം നാലു ലക്ഷം കോടിക്കടുത്താവുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻഎസ്ഇ ഓഹരികൾ കൈവശമുള്ള 1.86 ലക്ഷം ചെറുകിട നിക്ഷേപകർ രാജ്യത്തുണ്ട്. ഏറ്റവും കൂടുതൽ ചെറുകിട നിക്ഷേപകരുള്ള രാജ്യത്തെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനികളിലൊന്നാണ് എൻഎസ്ഇ. അതു കൊണ്ടു തന്നെ എൻഎസ്ഇ ലിസ്റ്റിങ്ങോടെ ബിഎസ്ഇയിൽ വോള്യം അഥവാ വ്യാപാര തോത് ഗണ്യമായി കൂടും.
എൻഎസ്ഇ ഓഹരി ബിഎസ്ഇയുടെ മുഖ്യ ഇൻഡക്സുകളിൽ വരാനും സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ മ്യുച്വൽ ഫണ്ട് പോർട്‌ഫോളിയോയിൽ എൻഎസ്ഇ കടന്നു കൂടും. അതോടെ എൻഎസ്ഇ വഴി ബിഎസ്ഇക്ക് കൂടുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപവും കിട്ടും. ഇതിനെല്ലാം പുറമെ ലിസ്റ്റഡ് കമ്പനിയെന്ന നിലയ്ക്ക് കമ്പനിയെ ബാധിക്കുന്ന വിവരങ്ങൾ എല്ലാം അപ്പപ്പോൾ എൻഎസ്ഇ , ബിഎസ്ഇ യെ അറിയിക്കണം. പ്രവർത്തന മേഖലയിൽ മത്സര വൈരത്തിലാണെങ്കിലും നിയമാനുസൃത സുതാര്യത ഉറപ്പാക്കാൻ ആ നടപടി വേണ്ടിവരുന്നു. ചുരുക്കത്തിൽ എൻഎസ്ഇ ലിസ്റ്റിങ് ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ മഹാസംഭവങ്ങളിൽ ഒന്നാകും.
ഓഹരി കമ്പോളത്തിലെ നിക്ഷേപം നഷ്ട സാദ്ധ്യത ഏറെയുള്ളതാണ്. നിക്ഷേപ തീരുമാനങ്ങൾ സെബി അംഗീകൃത അനലിസ്റ്റുകളുടെ വിദഗ്ദ്ധോപദേശത്തോടെ മാത്രം സ്വീകരിക്കുക.




Comments