LTCG വീണ്ടും ചർച്ചയായി, പ്രതീക്ഷയിൽ ഓഹരിക്കുതിപ്പ്
Oct 13
1 min read

എൽടിസിജി പുന:പരിശോധനാ വിഷയത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളതെന്ന ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രസ്താവനയോടെ ഓഹരി വിപണിയിൽ കുതിപ്പ്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിൻ്റ കാര്യത്തിലും ഇതേ നിലപാടാണെന്ന പ്രഖ്യാപനം കൂടിയായപ്പോൾ വർധിത വീര്യമായി.
ഡൽഹിയിൽ ബ്ളൂംബർഗ് ന്യൂ ഇക്കോണമി ഫോറത്തിലെ ധനമന്ത്രിയുടെ പ്രസംഗത്തിൻ്റെ പിറകെയായിരുന്നു ഇന്ന് മാർക്കറ്റ്. താഴ്ന്ന വിപണിയിൽ ഇതോടെ വാല്യു ബയിങ് തകൃതി. സെൻസെക്സും നിഫ്റ്റിയും പറന്ന് കയറിയത് ഒന്നര ശതമാനം. വ്യതിയാന സൂചിക INDIA VIX ഒറ്റയടിക്ക് ഏഴു ശതമാനം കുറഞ്ഞു.
നിഫ്റ്റി ഐടി ഇൻഡക്സ് നാലു ശതമാനം കൂടി. എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നിഫ്റ്റിയെ മുന്നിൽ നിന്ന് നയിച്ചു. ഫാർമ മാത്രമാണ് സെക്ടറൽ ഇൻഡക്സുകളിൽ തണുത്തുറഞ്ഞു കിടന്നത്.



