top of page

INDIA VIX, ഇതെങ്ങോട്ട്?


INDIA VIX എവിടെ എത്തി?. അയ്യോ! 21ൽ .വലിയ വ്യതിയാനത്തിന് നമ്മുടെ ഓഹരി കമ്പോളം വിധേയമാവുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. മാർക്കറ്റിൻ്റെ ഭീതി മാപിനി അഥവാ Fear Guage ആണ് ഇന്ത്യ വൊളറ്റൈലിറ്റി ഇൻഡക്സ് അഥവാ INDIA VIX. 2014ൽ രൂപം നൽകിയ സൂചികയാണിത്.


കഴിഞ്ഞ ഒരു വർഷമായി തന്നെ നമ്മുടെ മാർക്കറ്റിൻ്റെ വ്യതിയാന തോത് ക്രമാതീതമായി കൂടിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ INDIA VIX ൽ വന്ന മാറ്റം 121% .ഹോളി കഴിഞ്ഞ് ബുധനാഴ്ച തുറന്നപ്പോൾ മാത്രം 21% ലേറെ ഈ സുചിക കത്തിക്കയറി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 60% കയറ്റം. പശ്ചിമേഷ്യൻ സംഘർഷം

മൂർച്ഛിക്കുന്നതിൽ എത്ര ഭയചകിതരായിരിക്കുന്നു കമ്പോളം എന്നതിന് ഇതിൽ പരം ഒരു ഉദാഹരണം വേണോ?


9 - 12 റേഞ്ച് .അതാണ് INDIA VIXൻ്റ തറ നിരപ്പായി വിദഗ്ദ്ധർ കാണുന്നത്. 12-15 സാധാരണ സംഭവിക്കുന്നത്. എന്നാൽ I5 കടന്നാലോ?. അസാധാരണം. വരുന്ന ഒരു മാസത്തേക്ക് വലിയ വ്യതിയാനങ്ങൾ വന്നാലും അതിനെയൊക്കെ കമ്പോളം ഡിസ്കൗണ്ട് ചെയ്തിരിക്കുന്നുവെന്ന് ഇത്തരുണത്തിൽ വ്യാഖ്യാനിക്കാം.


കലങ്ങി മറിഞ്ഞ ജിയോ പൊളിറ്റിക്സ്.അതിനെ അതിജീവിക്കത്തക്ക നല്ല വാർത്തകൾ ഒന്നും ഇന്ത്യയിൽ നിന്നില്ല. INDIA VIX കുത്തനെ കയറുന്നത് നിക്ഷേപകരുടെ ജാഗ്രതയായി കാണണമെന്ന് റലിഗേർ റിസർച്ച് വിഭാഗം വൈസ് പ്രസിഡൻ്റ് അജിത് മിശ്ര പറയുന്നു. ഇസ്രയേൽ -ഇറാൻ യുദ്ധം കടുത്താൽ ക്രൂഡ് വില കൂടും. ലോകമാകമാനം അതുണ്ടാക്കുന്ന വിലക്കയറ്റം.ആ ആശങ്ക എല്ലാവരെയും വേട്ടയാടുകയാണെന്ന് മിശ്ര .


ഫ്യൂച്ചേഴ്‌സിലെ ഓപ്ഷൻ പ്രീമിയം കൂടുന്നത് റിസ്ക് കൂടിയതുകൊണ്ടാണെന്ന് എടി റിസർച്ച് ആൻ്റ് റിസ്ക് മാനേജേഴ്സിൻ്റ മുഖ്യ അനലിസ്റ്റായ ആദിത്യ തുക്റാൽ പറയുന്നു. കാൾ ആയാലും പുട് ആയാലും കൂടുതൽ പ്രീമിയം കൊടുക്കേണ്ടി വരുന്നു. INDIA VIX നൊത്ത് ഓപ്ഷൻ പ്രീമിയവും കൂടുന്നു. അതാണ് അവസ്ഥ. ഇൻഷൂറൻസിൽ റിസ്ക് കൂടുമ്പോൾ പ്രീമിയം കൂടുന്നതിന് സമാനമായ അവസ്ഥയാണ് ഓപ്ഷൻ പ്രീമിയത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇനിയുമിതെത്ര നാൾ?. ആർക്കും ഒരു ഉത്തരം നൽകാനില്ല. ക്രൂഡ് ബാരലിന് ഒരു ഡോളർ കൂടിയാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 16,000 കോടി രൂപ കൂടും. സംഘർഷം നീണ്ടാൽ അതു നമുക്കേൽപ്പിക്കുന്ന ക്ഷതം. ആ ഓർമ്മയിൽ ജാഗ്രത്താവണം ഓരോ നിക്ഷേപകനും.


നിക്ഷേപ തീരുമാനങ്ങൾ സെബി അംഗീകൃത അനലിസ്റ്റുകളുമായി കൂടിയാലോചിച്ച് മാത്രം ചെയ്യുക. നിക്ഷേപ ബോധവത്കരണം മാത്രമെ ഈ കുറിപ്പിന് ലക്ഷ്യമായുള്ളു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page